1. ഒടുക്കം


    
    

കണ്ണുകൾ തുറക്കുവാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ശ്രമങ്ങൾ പതിവു പോലെ തന്നെ വിഫലമാകുന്നു. ഒന്നു അനങ്ങുവാൻ പോലും കഴിയാത്ത വിധം അയാൾ എന്നെ വരിഞ്ഞു മുറുക്കി. എന്റെ ചലനങ്ങളെപ്പോലും നിയന്ത്രിക്കുവാൻ അയാൾക്കു സാധിച്ചിരുന്നു.പൂർത്തിയാകട്ടെ എന്ന് മനസ്സിൽ കരുതി ഇത്തവണയും ഇണ്ടനോട് തോൽവി സമ്മതിച്ചു കിടന്നു. 

ഇണ്ടൻ പലപ്പോഴും  അമാനുഷികനാണ് എന്ന് തോന്നാറുണ്ട്.സാഹസികത നിറഞ്ഞ യാത്രകൾ അയാൾക്ക് ഒരു ഹരമായിരുന്നു. ഞാനും പല യാത്രകളിൽ ഇണ്ടനോടൊപ്പം ഉണ്ടായിരുന്നു. യാത്രയുടെ മുഴുവൻ കടിഞ്ഞാണും അയാളുടെ കയ്യിൽ ആവും .നമ്മുടെ അഭിപ്രായങ്ങളൊ നിർദ്ദേശങ്ങളൊ ഒന്നും അവിടെ വിലപ്പോവില്ല എന്നു തന്നെ പറയാം. ആഗ്രഹിച്ച പല സ്ഥലങ്ങളിലേക്കും ഇണ്ടൻ എന്നെ കൊണ്ടുപോയിട്ടുണ്ട്. എന്നാലും അവിടെ ചിലവഴിക്കാൻ  അധികം സമയം നൽകാറില്ല.  ചിലപ്പോഴെങ്കിലും അതു എന്നെ വിഷമിപ്പിക്കാറുണ്ട്. എങ്കിലും ഇണ്ടനോട് ഞാൻ പരാധിയൊന്നും പറയാറില്ല . കാരണം മറ്റൊന്നുമല്ല ശക്തനായ ഒരുവനോട് തോന്നുന്ന  ബഹുമാനം ഉണ്ടല്ലോ, വേണമെങ്കിൽ ഭയം എന്നും പറയാം, ശരിയായി പറഞ്ഞാൽ ഭയം തന്നെ. അയാളുടെ ശക്തിയും ബുദ്ധിസാമർത്ഥ്യവും വേഗതയും എല്ലാം ഒരു കുഞ്ഞിന്റെ ആകാംശയോടെ ഞാൻ കണ്ടിരിക്കാറുമുണ്ട് .അയാൾ എനിക്കു മാത്രമാണ് എതിരാളി, ഞാൻ ഒരിക്കലും അയാൾക്ക് ഒരു എതിരാളി ആയിരുന്നില്ല. അക്കാരണത്താൽ തന്നെ ഇണ്ടനു എന്നെ വലിയ കാര്യമാണ്. ചിലപ്പോൾ എപ്പോഴും തോൽപ്പിക്കുന്നത് കൊണ്ടുള്ള സഹതാപം ആകാനും വഴിയുണ്ട്.പരാജയപ്പെടുത്തുമെങ്കിലും അയാൾ കൂടെയുള്ളപ്പോൾ ലഭിക്കുന്ന ധൈര്യവും സ്വാത്രന്ത്രവും വിവരിക്കാൻ കഴിയാത്തതാണ് .

ഞാൻ പതിയെ കണ്ണുകൾ തുറന്നു . തോൽവിയുടെ വിഷമം കൊണ്ടാവും, കുറച്ചധികം നേരം ഉറങ്ങി. ഉണർന്നപ്പോൾ പതിവുപോലെ തന്നെ ഇണ്ടൻ സ്ഥലം കാലിയാക്കി. അയാൾ അങ്ങനാണ് വരവും പോക്കുമെല്ലാം പെട്ടന്നായിരിക്കും. ചിലപ്പോൾ കുറെ നാളുകൾ ഈ വഴി കണ്ടില്ലെന്നും വരാം.അയാൾ പോയി എന്നറിയുമ്പോൾ എന്തോ ഒരു വിഷമം. കാരണം മറ്റൊന്നുമല്ല, ഇനി ഒരിക്കലും കാണത്ത വിധം അയാൾ മറ്റെവിടെക്കെങ്കിലും പോകുമോ എന്ന ഭയം. ഞാൻ ആ ഭയത്തോടെ  എഴുന്നേറ്റു എന്റെ ദിവസത്തിലേക്കു നടന്നു.

തുടരും ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ